ചരിത്രത്തില്‍ പ്രണയത്തെ കുറിച്ച ആദ്യ കഥയാണിത്. അതില്‍ പറയുന്നതിങ്ങനെയാണ്. മലക്കുകള്‍ ആദമിനോട് ചോദിച്ചു : നീ അവളെ ഇഷ്ടപ്പെടുന്നുണ്ടോ? അദ്ദേഹം പറഞ്ഞു : അതെ. പിന്നീട് അവര്‍ ഹവ്വയോട് അതേ ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു : ഇല്ല എന്ന്. എന്നാല്‍ അവരുടെ ഉള്ളില്‍ ആദമിന്റെ ഉള്ളിലുണ്ടായിരുന്നതിന്റെ എത്രയോ ഇരട്ടി സ്‌നേഹമുണ്ടായിരുന്നു.
അവരെ ഭൂമിയിലേക്ക് ഇറക്കിയതിന് ശേഷമുള്ള കാര്യത്തെ കുറിച്ച് ഐതിഹ്യങ്ങള്‍ പറയുന്നത് രസകരമാണ്. ഭൂമിയിലെത്തിയത് മുതല്‍ ആദം പകല്‍ മുഴുവന്‍ ഹവ്വയെ തേടി നടക്കുകയാണ്. രാത്രി ഉറക്കവും. അതേസമയം ഹവ്വ രാത്രിയും പകലും ആദമിനെ തേടി അലയുകായിരുന്നു. പിന്നീട് അവര്‍ കണ്ടുമുട്ടിയപ്പോള്‍ പകല്‍ മുഴുവന്‍ നിന്നെ തേടി നടക്കുകയായിരുന്നെന്ന് ആദം അവരോട് പറഞ്ഞു. ഞാന്‍ നിങ്ങളെ തീരെ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു അപ്പോള്‍ ഹവ്വ നല്‍കിയ മറുപടി.
സ്വര്‍ഗത്തിലെ ബന്ധം ആത്മീയമായിരുന്നു, അല്ലാഹുവാണ് അതിനെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍. വിലക്കപ്പെട്ട മരത്തിന്റെ ഫലം രുചിച്ചതോടെ അവരില്‍ നൈസര്‍ഗിക വാസനയും ശാരീരികാവശ്യവും അവരിലുണ്ടായി. അതൊരിക്കലും ന്യൂനതയോ കുറവോ അല്ല, മറിച്ച് മനുഷ്യന്റെ പൂര്‍ണതയുടെ ഭാഗമാണ്. സ്വര്‍ഗത്തിലെ ആത്മീയ ജീവിതത്തില്‍ ഏറ്റവും ഉന്നതമായ ശാരീരികാസ്വാദനം തീറ്റയും കുടിയുമായിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇങ്ങനെ പറയുന്നത് : ‘അല്ലയോ ആദമേ, നീയും നിന്റെ ഭാര്യയും ഈ സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. ഇരുവരും ഇഷ്ടമുള്ളതൊക്കെയും ഭുജിച്ചുകൊള്ളുക.’
ആദമിന്റെ കഥയില്‍ സ്വര്‍ഗത്തിലെ ഭാര്യാ-ഭര്‍തൃ ബന്ധത്തെ കുറിച്ച സൂചനകള്‍ കാണുന്നില്ല. അതേസമയം ഭൂമിയിലേക്ക് ഇറക്കപ്പെട്ടതിന് ശേഷം അതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. ‘എന്നിട്ട് പുരുഷന്‍ സ്ത്രീയെ ആശ്ലേഷിച്ചപ്പോള്‍ അവള്‍ അവനില്‍നിന്ന് ലഘുവായ ഒരു ഗര്‍ഭം സ്വീകരിച്ചു.’ (അല്‍-അഅ്‌റാഫ് : 189) അപ്രകാരം സ്വര്‍ഗീയ ജീവിതത്തില്‍ സന്താനങ്ങളെ കുറിച്ച പരാമര്‍ശവും കാണാന്‍ സാധിക്കുന്നില്ല. ഭൂമിയിലെത്തിയ ശേഷമുള്ള കാര്യങ്ങളായിട്ടാണ് അതിനെ കുറിച്ചും വിവരിക്കുന്നത്.
ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമായിരുന്നത് കൊണ്ട് ആദമായിരുന്നു ഹവ്വയേക്കാള്‍ മൂത്തത്. പൊതുവെ മിക്ക ഭര്‍ത്താക്കന്‍മാരും ഭാര്യമാരേക്കാള്‍ പ്രായമുള്ളവരായിട്ടാണ് കാണപ്പെടുന്നത്. ഒരുപക്ഷേ ഹവ്വയേക്കാള്‍ നീളവും ശാരീരികമായ കരുത്തും അദ്ദേഹത്തിനുണ്ടായിരിക്കാം. ഭാര്യയേക്കാള്‍ നീളമുള്ള ഭര്‍ത്താവിനെയാണ് പൊതുവെ ആളുകള്‍ താല്‍പര്യപ്പെടുന്നത്.
ജീവിതത്തില്‍ ആദമിന് ഒറ്റ പത്‌നി മാത്രമേ ഉണ്ടായരുന്നുള്ളൂ. ഒറ്റ ഭാര്യയുമൊത്ത് ആയിരം വര്‍ഷം അദ്ദേഹം ജീവിച്ചു. ശാരീരികാവശ്യ പൂര്‍ത്തീകരണത്തിനുള്ള മാര്‍ഗമായി ബഹുഭാര്യത്വത്തെ കാണുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ട കാര്യമാണിത്. ചില സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നത്തിന് പരിഹാരമായും കാര്‍ഷികവൃത്തിക്കും കാലികളെ മേയ്ക്കുന്നതിനും കൂടുതല്‍ ആളുകളുണ്ടാവാനുമാണ് മുമ്പ് ഒന്നിലേറെ ഭാര്യമാരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്. മക്കളെ തീറ്റിപ്പോറ്റുക എന്നത് തന്നെ വലിയൊരു പ്രശ്‌നമായിരിക്കുന്നു. വിഭവങ്ങള്‍ അല്ലാഹു തരുന്നതാണ്, എന്നാല്‍ അതിന് ചില വഴികള്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്ത നിരവധി ആളുകള്‍ കുറേ മക്കള്‍ക്ക് ജന്മം നല്‍കിയിട്ട് അവരെ പട്ടിണിക്കും കുറ്റകൃത്യത്തിനും വിട്ടുകൊടുക്കുന്ന അവസ്ഥ സമൂഹത്തിലുണ്ട്.
മക്കളെ വളര്‍ത്തല്‍ ഭാരിച്ച ഒരുത്തരവാദിത്വമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഓര്‍മപ്പെടുത്തുകയാണ്. അവരെ രാവിലെ വിളിച്ചുണര്‍ത്തല്‍ തന്നെ ഭാരിച്ച ജോലിയാണ്. പ്രത്യേകിച്ചും രാത്രി വൈകി ഉറങ്ങാന്‍ കിടക്കുന്നവരാണെങ്കില്‍. ഉണര്‍ത്തല്‍ തന്നെ ഭാരമാണെങ്കില്‍ പിന്നെ വിദ്യാഭ്യാസം, പരിചരണം, ചികിത്സ, വൈകാരികമായ ഇടപെടലുകള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങളുടെ അവസ്ഥ എന്തായിരിക്കും? അല്ലാഹു അനുവദനീയമാക്കിയ ഒന്നിനെ ഞാന്‍ നിഷിദ്ധമാക്കുകയല്ല. എന്നാല്‍ അല്ലാഹു പറയുന്നു : ‘നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍ നിന്ന് ഈരണ്ടോ മുമ്മൂന്നോ നന്നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കാന്‍ കഴിയില്ലെന്നാശങ്കിക്കുന്നുവെങ്കിലോ, അപ്പോള്‍ ഒരു സ്ത്രീയെ മാത്രമേ വേള്‍ക്കാവൂ.’ (അന്നിസാഅ് : 3) ജീവിതത്തിന്റെ നിലനില്‍പിനും മക്കളുടെ ഗുണത്തിനും വളരെ അനിവാര്യമായ ഒന്നാണ് നീതി. ഒന്നിലേറെ ഉമ്മമാര്‍ ഉണ്ടാകുമ്പോള്‍ എത്ര തന്നെ ശ്രമിച്ചാലും പിതാവിന്റെ നീതിയെ ചൊല്ലി മക്കള്‍ക്കിടയില്‍ തര്‍ക്കവും സംശയങ്ങളും ഉടലെടുക്കും.
അല്ലാഹു എനിക്ക് നാല് പെണ്‍മക്കളെ തന്നിട്ടുണ്ട്. ജീവിതത്തിന്റെ സന്തോഷവും ആന്ദവും ഞാന്‍ തിരിച്ചറിഞ്ഞത് അവരിലൂടെയാണ്. അവര്‍ അടുത്തുണ്ടാകുന്നത് സന്തോഷവും അനുഗ്രഹവുമാണ്. അവര്‍ അടുത്തില്ലെങ്കില്‍ അവരെ കാണാനുള്ള ആഗ്രഹവും മോഹവുമായിരിക്കും എന്നില്‍. എന്റെ ആണ്‍കുട്ടികളുമായുള്ള ബന്ധത്തേക്കാള്‍ ശക്തമായ ബന്ധമാണ് എനിക്ക് അവരുമായുള്ളത്. അല്ലാഹുവിലുള്ള എന്റെ വിശ്വാസത്തിന്റെ വേര്‍പെടുത്താനാവാത്ത ഭാഗമാണ് ഈ ബന്ധം. അനുകമ്പയുടെയോ ഭയത്തിന്റെയോ ബന്ധമല്ല, വിശ്വാസത്തിന്റെയും ആദരവിന്റെയും ബന്ധമാണിത്.
നീ ഒരു സ്ത്രീയോട് മോശമായി പെരുമാറുമ്പോള്‍ നിന്നോട് തന്നെയാണ് മോശമായി പെരുമാറുന്നത്. കാരണം നിന്നില്‍ നിന്നാണ് അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.