രണ്ട് ശരീരങ്ങള്‍ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സ് മനസ്സിലേക്ക് വിലയം പ്രാപിക്കലാണത്. കാണാമറയത്ത് വിദൂര ദിക്കിലെവിടെയോ ഒറ്റപ്പെട്ടു പോയ രണ്ട് ശരീരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന അദൃശ്യമായ ഒരു പാലമുണ്ട്. അതാണ് മനസ്സ്. മതിലുകള്‍ തുളച്ച് കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോട് സംവദിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാര്‍ഥ ദാമ്പത്യത്തില്‍. എന്ത് കൊണ്ടാണ് മിക്ക ദാമ്പത്യങ്ങളും പരാജയപ്പെടുന്നത് ലളിതമായ മറുപടികള്‍ മാത്രമേയുള്ളൂ. ചിലര്‍ ഇണയുമൊത്തുള്ള ജീവിതം മടുത്ത് ബന്ധം തന്നെ ഒഴിയുമ്പോള്‍ മറ്റു ചിലര്‍ വരണ്ട മരുഭൂമിയില്‍ ഇടക്കെപ്പോഴോ പെയ്‌തേക്കാവുന്ന മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ജീവിക്കുന്നു. പക്ഷേ അപ്പോഴും നാം തിരിച്ചറിയാതെ പോകുന്നത് ഈ ജീവിതത്തിന്റെ കെമിസ്ട്രിയാണ്. ഒരു കഥയുണ്ട്. ഇടത്തരം ജീവിതം നയിക്കുന്ന രണ്ട് ദമ്പതികള്‍ക്കിടയില്‍ നടന്ന കഥയാണ്. ഭര്‍ത്താവിന് ചെറിയ ജോലി. ചെറിയ വരുമാനം. ഭാര്യക്ക് ചെറിയ ചില ആഗ്രഹങ്ങള്‍. പക്ഷേ പരിഭവങ്ങളില്ല. കാരണം അവരുടെ പാരസ്പര്യം അതായിരുന്നു. ഒരിക്കല്‍ അനുരാഗം പെയ്തിറങ്ങുന്ന ഒരു സായാഹ്നത്തില്‍ അവള്‍ പറഞ്ഞു: ‘ഈ ചെമ്പ് മോതിരം മാറ്റി ഞാനൊരു വെള്ളി മോതിരം ധരിച്ചാല്‍ നല്ല ഭംഗിയുണ്ടാകുമോ?’. അയാളുടെ ഉള്ള് പിടഞ്ഞു. ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ…….അയാള്‍ ‘ഉം’ എന്ന് പറഞ്ഞ് മൗനിയായി. അപ്പോഴാണ് ദ്രവിച്ച് പൊട്ടാറായ പ്രിയതമന്റെ വാച്ചിന്റെ പട്ട അവള്‍ കണ്ടത്. അന്ന് രാത്രി മുഴുവന്‍ അവരുടെ ചുണ്ടുകള്‍ അധികമൊന്നും മന്ത്രിച്ചില്ലെങ്കിലും മനസ്സ് ഒരുപാട് സംസാരിച്ചു. പിറ്റേന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ അയാളുടെ മനസ്സിനെ തലേന്നത്തെ സംഭവം മഥിച്ചു കൊണ്ടിരുന്നു. അയാള്‍ നേരേ ഒരു വാച്ച്കടയില്‍ പോയി അത് വിറ്റു. ആ പണവും പോക്കറ്റിലുള്ള ഒരല്‍പം തുകയും ചേര്‍ത്ത് ഒരു വെള്ളി മോതിരം വാങ്ങി. സ്‌നേഹത്താല്‍ വിങ്ങുന്ന ഹൃദയവുമായി അയാള്‍ ധൃതിയില്‍ വീട്ടിലെത്തി. പുഞ്ചിരി തൂകി കൊണ്ട് അവള്‍ അയാളെ ആശ്ലേഷിച്ചു. ‘നിങ്ങള്‍ക്ക് ഇന്ന് ഞാന്‍ സമ്മാനം വാങ്ങി വെച്ചിട്ടുണ്ട്’. മിടിക്കുന്ന നെഞ്ചിലേക്ക് തല ചേര്‍ത്തു വെച്ച് അവള്‍ പറഞ്ഞു. അയാള്‍ക്ക് കൗതുകമായി. റൂമില്‍ പോയി ഒരു പൊതിയുമായി അവള്‍ തിരിച്ചു വന്നു. അത് അയാള്‍ക്ക് നേരേ നീട്ടി. തിളങ്ങുന്ന കണ്ണുകളോടെ അയാള്‍ അതഴിച്ചു നോക്കി. ഒരു മനോഹരമായ വാച്ച്!! നിറകണ്ണുകളോടെ ഇതെങ്ങെനെ വാങ്ങിച്ചു എന്നയാള്‍ ചോദിച്ചു. ‘എന്റെ പാദസരം ഞാന്‍ വിറ്റു.’ അവള്‍ പറഞ്ഞു. പോക്കറ്റില്‍ പതിയെ കൈയിട്ട് അയാള്‍ വെള്ളി മോതിരം എടുത്തു. അത് അവളുടെ കൈവിരലിലണിയിച്ചു. അവളുടെ നിറഞ്ഞ കണ്ണുകള്‍ അയാള്‍ തുടച്ചു.’ ഈ കഥ ദാമ്പത്യത്തിന്റെ രസതന്ത്രം നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. നമ്മള്‍ കാണിക്കുന്ന ചില അശ്രദ്ധയും അവഗണനയും അവസാനിപ്പിക്കുകയും; ഏറ്റവും സൂക്ഷ്മമായ കാര്യങ്ങള്‍ പോലും ഹൃദയത്തില്‍ തൊടും വിധം സമീപിക്കുകയുമാണെങ്കില്‍ ഈ ദാമ്പത്യം എത്ര സുന്ദരമാണ്. സ്‌നേഹവും അനുരാഗവുമെല്ലാം നമ്മുടെ ചാരത്ത് തന്നെയുണ്ട്. പക്ഷേ നമ്മിലധികം പേരും അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം.
