ഒരിക്കല്‍ എന്റെ വിമാന യാത്രയില്‍ അടുത്തിരുന്ന വ്യക്തി എന്നോട് പറഞ്ഞു : ‘ഞാന്‍ വളരെ ദുഃഖിതനാണ്. കാരണം, അല്ലാഹു എനിക്ക് പെണ്മക്കളെ മാത്രമേ തന്നിട്ടുള്ളൂ, ഒരാണ് കുട്ടിയെ ലഭിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.’ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു : ‘നിങ്ങള്‍ സ്വര്‍ഗാവകാശിയായിരിക്കുന്നു. നിങ്ങള്‍ നബി(സ)യുടെ കൂടെ ഉയര്ത്തെഴുനേല്പിക്കപ്പെടുന്നതാണ്. നിങ്ങള്‍ നരകത്തില്‍ നിന്നും മോചിതനായിരിക്കുന്നു. താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.’ അദ്ദേഹത്തിന്റെ ദുഃഖത്തോടുള്ള എന്റെ പ്രതികരണം അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. അദ്ദേഹം എന്നെ നോക്കി ചോദിച്ചു : ‘അല്ലാഹു എനിക്ക് പെണ്മക്കളെ നല്‍കുകയും ആണ്മക്കളെ നല്‍കാതിരിക്കുകയും ചെയ്തതിലുള്ള എന്റെ ദുഃഖം ഞാന്‍ നിങ്ങളോട് പങ്കുവെച്ചപ്പോള്‍ നിങ്ങളതില്‍ സന്തോഷം രേഖപ്പെടുത്തുകയാണോ?’
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു : ‘താങ്കളുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് മുമ്പ് ഞാന്‍ താങ്കളെ അഭിനന്ദിക്കാന്‍ കാരണം ‘താങ്കള്‍ ഒന്നാമത്തെ’ വിഭാഗത്തില്‍ പെട്ട ആളായതുകൊണ്ടാണ്. അദ്ദേഹം പറഞ്ഞു : താങ്കള്‍ പറഞ്ഞ ഈ വാചകം ഒന്നു വിശദീകരിക്കണം. ‘ഒന്നാമത്തെ വിഭാഗം’ എന്നത് ഞങ്ങളുടെ ശൈഖ് അലി ത്വന്താവിയുടെ പ്രയോഗമാണ്. അദ്ദേഹത്തിന് അഞ്ച് പെണ്മക്കളെ ഉണ്ടായിരുന്നുള്ളൂ. ഒരൊറ്റ ആണ്‍കുട്ടിയും ഉണ്ടായിരുന്നില്ല. നിങ്ങള്‍ക്ക് ആണ് കുട്ടികളുണ്ടോ? എന്ന് അദ്ദേഹത്തോട് ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹം പറയുമായിരുന്നു : ഞാന്‍ ‘ഒന്നാമത്തെ വിഭാഗത്തില്‍’ പെട്ട ആളാണ്. കാരണം, അല്ലാഹു പറഞ്ഞു ‘അവന് ഇച്ഛിക്കുന്നവര്‍ക്ക് പെണ്മക്കളെ സമ്മാനിക്കുന്നു. ഇച്ഛിക്കുന്നവര്‍ക്ക് ആണ്മക്കളെ സമ്മാനിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒന്നിച്ചു കൊടുക്കുന്നു.’ ഇവിടെ അല്ലാഹു ആണ്‍കുട്ടികള്‍ക്ക് മുമ്പ് പെണ്‍കുട്ടികളെയാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതാണ് ‘ഒന്നാമത്തെ വിഭാഗം’ എന്നതിന്റെ അര്‍ത്ഥം’. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു : ‘അല്ലാഹുവാണ, ഇക്കാര്യം വിവരിച്ചതിലൂടെ താങ്കളെന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു’ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു : പെണ്മക്കളെ മാത്രം നല്കപ്പെട്ട രണ്ട് പ്രവാചകന്മാരെപ്പോലെയാണ് താങ്കളെന്ന കാര്യം താങ്കളെ കൂടുതല്‍ അത്ഭുതപ്പെടുത്തും. അവരാരൊക്കെയാണെന്ന് താങ്കള്‍ക്കറിയാമോ? കുറച്ചു നേരം ചിന്തിച്ച ശേഷം അദ്ദേഹം പറഞ്ഞു : താങ്കളുദ്ദേശിച്ചവര്‍ ആരൊക്കെയാണെന്ന് എനിക്കറിയില്ല. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു : നാലു പെണ്മക്കള് മാത്രമുള്ള ലൂത്വ് നബി(അ)യാണ് അതില്‍ ഒന്നാമത്തെയാള്‍. മുഹമ്മദ് നബി(സ) യാണ് രണ്ടാമത്തെയാള്‍. അദ്ദേഹത്തിന്റെ ആണ്‍മക്കളൊക്കെ ചെറുപ്രായത്തില്‍ തന്നെ മരണമടയുകയായിരുന്നു. നാല് പെണ്മക്കള് മാത്രമാണ് ശേഷിച്ചത്. ഇക്കാരണത്താലാണ് തനിക്ക് ഒരു പെണ്‍കുട്ടിയുണ്ടായപ്പോള്‍ ‘പ്രവാചകന്മാര് പെണ്‍കുട്ടികളുടെ പിതാക്കളാണ്’ എന്ന് ഇമാം അഹ്മദ് ഇബ്നു ഹമ്പല്‍ പറഞ്ഞത്.
അദ്ദേഹം പറഞ്ഞു : താങ്കള്‍ എന്നില്‍ പ്രതീക്ഷ ജനിപ്പിച്ചിരിക്കുന്നു. എന്നാല്‍, നമ്മുടെ സംസാരത്തിന്റെ തുടക്കത്തില്‍ താങ്കള്‍ എന്തു കൊണ്ടാണ് എന്നെ അഭിനന്ദിക്കുകയും സ്വര്ഗപ്രവേശനത്തെക്കുറിച്ചും നരകവിമുക്തിയെക്കുറിച്ചും സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തത്? അതും പെണ്മക്കളുണ്ട് എന്ന കാരണത്താല്‍! ഞാന്‍ പറഞ്ഞു : താങ്കളുടെ സ്വര്‍ഗപ്രവേശനവും നരകവിമുക്തിയും അന്ത്യനാളില്‍ പ്രവാചകന്(സ)യുമായുള്ള സഹവാസവുമെല്ലാം താങ്കള്‍ പെണ്മക്കളോട് അനിവാര്യമായും പൂര്‍ത്തീകരിക്കേണ്ട നാല് കടമകമളുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹം ചോദിച്ചു : എന്തൊക്കെയാണ് ആ കടകമകള്‍? ഞാന്‍ പറഞ്ഞു : അവരോട് ഏറ്റവും നന്നായിപെരുമാറണം, അവര്‍ക്ക് സംരക്ഷണം നല്‍കണം, അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കണം, അവരോട് കാരുണ്യം കാണിക്കണം തുടങ്ങിയവയാണവ. താങ്കള്‍ എവിടെ നിന്നാണ് ഇക്കാര്യങ്ങള്‍ ഉദ്ധരിച്ചിത്? ഞാന്‍ പറഞ്ഞു : പെണ്മക്കളുമായി നല്ലരീതിയില്‍ വര്‍ത്തിക്കുന്നതിനെ പ്രശംസിക്കുന്ന മൂന്ന് ഹദീസുകളില്‍ നിന്നാണ് ഞാനിവ കണ്ടെടുത്തത്. അദ്ദേഹം പറഞ്ഞു : എനിക്കത് പറഞ്ഞുതരിക. ഞാന്‍ പറഞ്ഞു: പെണ്മക്കള് താങ്കളെ നരകത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുന്ന കാരണങ്ങളില്‍ പെട്ടതാണ് എന്നാണ് ഒന്നാമത്തെ ഹദീസ് പറയുന്നത്. നബി(സ) പറഞ്ഞു : ‘പെണ്മക്കളുമായി ബന്ധപ്പെട്ട വല്ല കാര്യത്തിലും ആരെങ്കിലും പരീക്ഷിക്കപ്പെട്ടാല്‍, അവര്‍ അവരോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കട്ടെ. എങ്കില്‍ അവര്‍ അവന് നരകത്തില്‍ നിന്നുള്ള മറയായിത്തീരുന്നതാണ്’. പെണ്മക്കള് അന്ത്യനാളില്‍ നബി(സ)യോടൊപ്പം ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കാരണങ്ങളില്‍ പെട്ടതാണ് എന്നാണ് രണ്ടാമത്തെ ഹദീസ് സൂചിപ്പിക്കുന്നത്. നബി(സ) പറഞ്ഞു : ‘ആരെങ്കിലും തന്റെ രണ്ടു പെണ്മക്കളെ പ്രായപൂര്‍ത്തിയാകുന്നതുവരെ നന്നായി പരിചരിച്ചാല്‍ ഞാനും അദ്ദേഹവും അന്ത്യനാളില്‍ ഇതുപോലെയാണ് ഹാജരാവുക.’ എന്ന് പറഞ്ഞ് അദ്ദേഹം തന്റെ രണ്ടു വിരലുകള്‍ ചേര്‍ത്തു പിടിച്ചു. പെണ്മക്കള് സ്വര്‍ഗപ്രവേശനത്തിന്റെ കാരണങ്ങളില്‍ പെട്ടതാണ് എന്നാണ് മൂന്നാമത്തെ ഹദീസ് സൂചിപ്പിക്കുന്നത്. നബി(സ) പറഞ്ഞു : ആര്‍ക്കെങ്കിലും മൂന്ന് പെണ്മക്കളുണ്ടാവുകയും അവന് അവരെ നന്നായി സംരക്ഷിക്കുകയും, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയും, അവരോട് കാരുണ്യത്തോടെ വര്‍ത്തിക്കുകയുമാണെങ്കില്‍ അവന് തീര്‍ച്ചയായും സ്വര്‍ഗ്ഗം ലഭിക്കുന്നതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, പെണ്മക്കള് രണ്ടാണെങ്കിലോ? അദ്ദേഹം പറഞ്ഞു : രണ്ടാണെങ്കിലും.’
മനസ്സില്‍ പ്രതീക്ഷകള്‍ ജനിപ്പിക്കുന്ന സുന്ദരമായ ഹദീസുകളാണിവ. ഈ ഹദീസുകള്‍ ഞാനെന്റെ വീടിന്റെ അകത്തളത്തില്‍ തൂക്കിയിടുകയാണെങ്കില്‍ എന്റെ ഭാര്യ വരെ ഈ സന്തോഷവാര്ത്തകളെക്കുറിച്ചോര്ത്ത് ആനന്ദിക്കുന്നതായിക്കും. കാരണം അവളും എന്നെപ്പോലെ ദുഃഖിതയാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു തന്നതിലൂടെ താങ്കള്‍ എന്നെ എന്റെ പെണ്മക്കളെ ഏറ്റവുമധികം സ്നേഹിക്കുന്ന വ്യക്തിയാക്കി മാറ്റിയിരിക്കുന്നു. ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : പെണ്‍കുട്ടി പ്രത്യേകമായ പരിഗണന ആവശ്യമുള്ളവളാണ് എന്നതായിരിക്കാം പ്രവാചകന്(സ) അവരുടെ കാര്യത്തില്‍ സന്തോഷവാര്‍ത്ത അറിയിച്ചതിനു പിന്നിലെ രഹസ്യം. മാനസിക ശേഷിയിലും വൈകാരികതയിലും നൈര്മല്യതയിലുമെല്ലാം ആണ്കട്ടികളില് നിന്നും തികച്ചും വ്യത്യസ്തരാണ് പെണ്‍കുട്ടികള്‍. ലാളനയും താലോലിക്കലും അവര്‍ ഇഷ്ടപ്പെടുന്നു. സ്ത്രീക്ക് അവളുടെ പ്രാധാന്യം തിരിച്ചറിയുകയും, സുരക്ഷിതത്വ ബോധമുള്ളവളാവുകയും ചെയ്യുന്ന വിധത്തില്‍ അവരോട് പ്രത്യേകമായ രീതിയില്‍ ഇടപഴകലും, ക്ഷമയവലംബിക്കലും ആവശ്യമാണ്. ജാഹിലിയ്യാ കാലത്ത് അറബികള്‍ സ്ത്രീകള്‍ക്ക് യാതൊരു വിലയും കല്പിച്ചിരുന്നില്ല. ‘പെണ്‍കുട്ടികളെ കുഴിച്ചുമൂടല്‍ ശ്രേഷ്ഠമാക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതാണ്’ എന്നവര്‍ പറയുമായിരുന്നു. കച്ചവടച്ചരക്കു പോലെ അവര്‍ പെണ്‍കുട്ടികളെ കൈകാര്യം ചെയ്തു. അതിന്റ മറവില്‍ അവര്‍ അഭിവൃദ്ധിപ്പെട്ടു.
എന്നാല്‍ ഇസ്ലാമിന്റെ ആഗമനത്തോടെ സ്ത്രീകളുടെ പദവി ഉയര്‍ത്തപ്പെട്ടു. അവര്‍ക്കും പുരുഷന്മാര്ക്കും ഇടയിലെ ശ്രേഷ്ഠതയുടെ മാനദണ്ഡം തഖ്വ മാത്രമാണെന്ന് നിര്‍ണ്ണയിക്കപ്പെട്ടു. അവളുടെ വളര്‍ച്ചയെയും ഉയര്‍ച്ചയെയും ഇസ്ലാം പിന്തുണച്ചു. ആയിശ(റ) മദീന മുനവ്വറയിലെ സമുന്നതരയ ഏഴ് പണ്ഡിതന്മാരുടെ ഗണത്തില്‍ ഉള്‍പ്പെട്ടു. സാമൂഹികവും വൈജ്ഞാനികവുമായ തങ്ങളുടെ സ്ഥാനം മറ്റേത് കാര്യത്തേക്കാളും സ്ത്രീക്ക് സന്തോഷം നല്കുന്നു. അവള് തൊഴിലാളിയാവുന്നതിനേക്കാള് പണ്ഡിതയാവാനാണ് ഇഷ്ടപ്പെടുന്നത്. തന്നെ സംരക്ഷിക്കുകയും തനിക്കു കാവലാളുവുകയും തന്റെ ചാരത്ത് നില്‍ക്കുകയും ചെയ്യുന്ന ഒരു പുരുഷനുമായി കൂടിച്ചേരുമ്പോള്‍ സ്ത്രീ് സുരക്ഷിതത്വബോധമുള്ളവളാകുന്നു. അതു കൊണ്ടാണ് അവള് എപ്പോഴും തന്റെ പിതാവിനോടപ്പമായിരിക്കുന്നത്. ‘പെണ്‍കുട്ടികളെല്ലാം തങ്ങളുടെ പിതാക്കളിലേക്ക് ആകര്‍ഷിക്കപ്പെട്ടവരാണ്’ എന്ന് പഴമൊഴി. പിതാവിനേ നഷ്ടപ്പെടുകയോ, അദ്ദേഹം മരണമടയുകയോ ചെയ്താല്‍ തന്റെ ജീവിതത്തില്‍ വലിയ വിടവുണ്ടായതായി അവള് തിരിച്ചറിയുന്നു. തന്റെ ഭര്‍ത്താവിനാല്‍ ഈ വിടവ് നികത്തപ്പെട്ടെങ്കില് എന്നവള്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ തന്റെ വിടവ് നികത്താന്‍ കഴിയുന്നയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
സ്ത്രീ നന്മയുടെ ഉറവിടവും അതിനെ പ്രസരണ കേന്ദ്രവുമാണ്. സ്നേഹമില്ലാത്ത വീടും സമൂഹവും നിര്‍ജീവമായിത്തീരുന്നു. നിരുപാധികമായി സ്നേഹം നല്കാന് കഴിയുന്ന ഏക സൃഷ്ടിയാണ് സ്ത്രീ. അതിനെയാണ് ‘മാതൃസ്നേഹം’ എന്നു വിളിക്കപ്പെടുന്നത്. സ്നേഹത്തിന് അവള് യാതൊരു നിബന്ധനയും വെക്കുന്നില്ല. ഈ സനേഹം മനുഷ്യനെ സര്‍വ്വാംഗീകൃതനും ഔദാര്യവാനുമാക്കുന്നു. ലോകത്തിലെ ഒരു സ്നേഹവും സ്ത്രീയുടെ സ്നേഹത്തോട് കിടപിടിക്കുകയില്ല. അതുകൊണ്ടാണ് ‘ഐഹിക ലോകം വിഭവങ്ങളാണ്, അതിലെ ഏറ്റവും മുന്തിയ വിഭവം സദ്വൃത്തയായ സ്ത്രീയാണ്’ എന്ന് റസൂല്‍ (സ) പറഞ്ഞത്.
അദ്ദേഹം പറഞ്ഞു : ഇതൊരു വല്ലാത്ത പരിഗണന തന്നെയാണ്. ഞാനദ്ദേഹത്തോട് പറഞ്ഞു : അതിനാല്‍ പെണ്‍കുട്ടികളെ സാമൂഹികമായും നിയമപരമായും പരിഗണിക്കേണ്ടതും അവരുടെ സംസ്കരണപരവും, ആരോഗ്യപരവും, കായികപരവും, വിനോദപരവുമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും നമ്മുടെ ബാധ്യതയാണ്. കാരണം, അവര്‍ സമൂഹത്തിന്റെ നാഡീ സ്പന്ദനമാണ്.