ഇണയെ എങ്ങനെ താനല്ലാത്ത മറ്റാരിലേക്കും തിരിയാത്ത ഒരാളാക്കി മാറ്റാം? പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഒരു ചോദ്യമാണിത്, പ്രത്യേകിച്ചും സ്ത്രീകള്‍. ജോലി സ്ഥലത്തോ അല്ലെങ്കില്‍ സോഷ്യല്‍ വെബ്‌സൈറ്റുകള്‍ വഴിയോ പുരുഷന്‍ ഒരു സ്ത്രീയുമായി ഇടപഴകുന്നത് കാണുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഭാര്യക്ക് ആശങ്കയും ഭയവുമുണ്ടാകുന്നു. തന്റെ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീ തട്ടിയെടുക്കുമോ എന്ന ഭയമായിരിക്കും അവളെ അപ്പോള്‍ ഭരിക്കുക. മറ്റൊരു സ്ത്രീയുമായി ബന്ധമില്ലാതിരിക്കാന്‍ എങ്ങനെ അദ്ദേഹത്തിനെ ഹൃദയത്തെ കീഴ്‌പ്പെടുത്തി തന്റെ സ്വന്തമാക്കാമെന്ന ചിന്തയാണ് ഊണിലും ഉറക്കിലും അവളില്‍. സ്ത്രീകളില്‍ മാത്രം പരിമിതപ്പെട്ടു കിടക്കുന്ന ഒരു വിഷയമില്ലിത്. ഇത്തരത്തില്‍ ഭാര്യമാരെ കുറിച്ച് ആശങ്കപ്പെടുന്ന പുരുഷന്‍മാരെയും കാണാം. എന്നാല്‍ ഈ ലേഖനം സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള മറുപടിയാണ്. സഹോദരിമാരോട് വളരെ രഹസ്യമായി നിങ്ങളുടെ ചെവിയില്‍ പറയാനുള്ള കാര്യം പുരുഷനെ കീഴടക്കലും പുരുഷ ഹൃദയം കീഴടക്കലും രണ്ടായിട്ട് തന്നെ നിങ്ങള്‍ മനസ്സിലാക്കണം. ഒന്നാമത്തേത് അസാധ്യമാണ്. അതിന് ശ്രമിച്ചാല്‍ ദാമ്പത്യജീവിതം നരകമായി മാറുകയാണ് ചെയ്യുക. ബന്ധനത്തില്‍ ശ്വാസം മുട്ടുന്നതായിട്ടാണ് ഭര്‍ത്താവിനത് അനുഭവപ്പെടുക. എന്നാല്‍ പുരുഷ ഹൃദയം കീഴ്‌പ്പെടുത്തുക എന്നത് സാധ്യമായ കാര്യമാണ്. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തിരിച്ചറിയുകയെന്നത് അതിനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്. പുരുഷ ഹൃദയം നേടിയെടുക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുകയും വെറുക്കുന്നവയില്‍ നിന്ന് വിട്ടുനില്‍ക്കലുമാണ്. പുരുഷഹൃദയം കീഴ്‌പ്പെടുത്താനുള്ള പൊതു തത്വമായിട്ടിതിനെ കാണാം. ഇനി മിക്ക പുരുഷന്‍മാരും ഇഷ്ടപ്പെടുന്ന ആറ് കാര്യങ്ങള്‍ പറയാനാണ് ഉദ്ദേശിക്കുന്നത്.
ഒന്ന്, അവന്‍ ഒരു കൂട്ടുകാരിയായിട്ടാണ് സ്‌നേഹിക്കുന്നത്. പുരുഷന്‍ സ്ത്രീയെ സ്‌നേഹിക്കുന്നത് അവളെ തന്റെ കൂട്ടുകാരിയായി ലഭിക്കുന്നതിനാണ്. ഒന്നും മറച്ചു വെക്കാതെ അവളോട് സംസാരിക്കാന്‍ അവന് സാധിക്കണം. അതിന് സാധിക്കാതെ വരുമ്പോഴാണ് മറ്റു ബന്ധങ്ങളിലവന്‍ അഭയം തേടുന്നത്. ഭര്‍ത്താവിന്റെ സംസാരം കേള്‍ക്കുമ്പോള്‍ അതിനെ മാറ്റി വെച്ച് തന്റെ തന്റെ വ്യക്തിപരമായ കാര്യം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് മിക്ക സ്ത്രീകളും. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ നിരത്തി അവസാനം അദ്ദേഹത്തിന്റെ സംസാരത്തെ വിചാരണ ചെയ്യാനുള്ള ശ്രമമാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. തന്നെ വളരെയധികം ആര്‍ഷിച്ച ഏതെങ്കിലും സ്ത്രീയെ കുറിച്ച് അയാളെന്തെങ്കിലും മിണ്ടിയിട്ടുണ്ടെങ്കില്‍. അതിനോട് വളരെ കടുത്ത നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അതിന്റെ പേരില്‍ ആക്ഷേപിക്കുകയും ബഹിഷ്‌കരിക്കുക വരെ ചെയ്‌തേക്കും. അപ്പോള്‍ പുരുഷന്‍ തീരുമാനിക്കുന്ന ഇനി മേലില്‍ അവളോട് സംസാരിക്കില്ലെന്ന്. ഇത്തരത്തില്‍ മൗനിയായി പോകുന്ന പുരുഷന്‍ തന്നെ വിചാരണ ചെയ്യാതെ, താന്‍ പറയുന്നത് കേള്‍ക്കുന്ന, ഒരു സ്ത്രീയെ അന്വേഷിക്കും.
രണ്ട്, അദ്ദേഹത്തിന്റെ ചരിത്രം മനസ്സിലാക്കുക. ഓരോരുത്തര്‍ക്കും അവന്‍ കഴിഞ്ഞു പോന്ന ഒരു ചരിത്രമുണ്ടായിരിക്കും. പ്രത്യേകിച്ചും കൗമാരത്തിന്റെയും യൗവനത്തിന്റെയും ഘട്ടങ്ങള്‍. ധാരാളം ഓര്‍മകളും സംഭവങ്ങളും ബന്ധങ്ങളുമെല്ലാം നിറഞ്ഞതായിരിക്കുമത്. ഇഷ്ടപ്പെട്ടതെല്ലാം ചെയ്തിരുന്ന കാലമാണത്. ഒരു സ്ത്രീ പുരുഷ ഹൃദയം കീഴടക്കാന്‍ ഉദ്ദേശിച്ചാല്‍ ആദ്യം അദ്ദേഹത്തിന്റെ ചരിത്രം മനസ്സിലാക്കിയിരിക്കണം. എന്നാല്‍ അതിന് വേണ്ടി ചുഴിഞ്ഞന്വേഷണം നടത്തുകയുമരുത്. എന്തൊക്കെയാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത്, എന്തെല്ലാമാണ് ഇഷ്ടമില്ലാത്തത്, പ്രത്യേകിച്ചും വൈകാരിക കാര്യങ്ങളില്‍ അവള്‍ അറിഞ്ഞിരിക്കണം. പിന്നെ അറിഞ്ഞിരിക്കേണ്ടത് ജീവിതത്തിലെ ഭക്ഷണം പോലുള്ള കാര്യങ്ങളിലെ ഇഷ്ടാനിഷ്ടങ്ങളാണ്.
മൂന്ന്, അവന്‍ ആശ്വാസവാക്കുകള്‍ ഇഷ്ടപ്പെടുന്നു. മിക്കപ്പോഴും പുരുഷന്‍ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതില്‍ അസ്വസ്ഥപ്പെടുന്നവനായിരിക്കും. ഓരോ ദിവസവും ഒട്ടനവധി വെല്ലുവിളികളും പ്രയാസങ്ങളും സമ്മര്‍ദങ്ങളും അവന്‍ നേരിടുന്നു. ഈ പ്രയാസങ്ങളില്‍ സ്ത്രീ അവനെ ആശ്വസിപ്പിക്കുന്നതാണ് അവന്‍ ആഗ്രഹിക്കുന്നത്. അവളുടെ തൊട്ടുതലോടി കൊണ്ടുള്ള സംസാരവും ആശ്വാസവാക്കുകളും ചിരിയുമെല്ലാം അവന്റെ പ്രയാസങ്ങളെ ലഘുകരിക്കുന്നു. എന്നാല്‍ പലപ്പോഴും ചില സ്ത്രീകള്‍ ഇക്കാര്യം വേണ്ട പോലെ ചെയ്യാറില്ല. അങ്ങനെ വരുമ്പോള്‍ വീടിന് പുറത്ത് സമ്മര്‍ദങ്ങളെ നേരിടുന്ന പുരുഷന്‍ വീടിനകത്തും അവക്കിടയില്‍ തന്നെ ജീവിക്കുന്നവനായി മാറുന്നു. പലപ്പോഴുമായി എത്രയോ ആളുകള്‍ ഇക്കാര്യത്തില്‍ അവരുടെ പരിഭവം എന്നോട് പറഞ്ഞിട്ടുണ്ട്. പുരുഷനെ മറ്റൊരു സ്ത്രീയെ കുറിച്ച് ചിന്തിപ്പിക്കുന്നതിലെ ഏറ്റവും ശക്തമായ ഒരു പ്രേരകമാണിത്. ഒന്നുകില്‍ അവന്‍ നിഷിദ്ധമായ വൈവാഹിക ബന്ധത്തിലെത്തിപ്പെടും, അല്ലെങ്കില്‍ അനുവദനീയമായ രീതിയില്‍ ഒരു രണ്ടാം ഭാര്യയെ സ്വീകരിക്കും.
നാല്, പുരുഷന്‍ മടുപ്പുള്ളവനാണ്. മിക്ക പുരുഷന്‍മാരും നിരന്തരം മാറ്റവും ജീവിതത്തില്‍ പുതുമയും ഇഷ്ടപ്പെടുന്നവരാണ്. അതേസമയം മിക്ക സ്ത്രീകളും ഒരു കാര്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതാണ് ഇഷ്ടപ്പെടുന്നത്. കുറച്ച് കാലം പിന്നിടുമ്പോള്‍ വിവാഹത്തിലും പുരുഷന്‍ മാറ്റത്തിന് ആഗ്രഹിക്കുന്നതായി നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ബഹുഭാര്യത്വത്തിന് ശരീഅത്ത് അനുമതി നല്‍കുന്നതിന് പിന്നിലെ യുക്തിയും ഒരു പക്ഷെ ഇതായിരിക്കാം. അതുകൊണ്ട് ഭക്ഷണം ഒരുക്കുന്നതിലും വീട്ടിലെ ഫര്‍ണീച്ചറുകള്‍ സെറ്റ് ചെയ്യുന്നതിലും വസ്ത്രധാരണത്തിലും രൂപത്തിലും ദാമ്പത്യബന്ധത്തില്‍ വരെ പുതുമകള്‍ കാഴ്ച്ച വെക്കാന്‍ സ്ത്രീകള്‍ തയ്യാറാവണം. പുരുഷനെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒന്നായിരിക്കാം ഇത്. പെട്ടന്ന് തന്നെ മാറ്റങ്ങള്‍ സ്വീകരിച്ച് പുതുമകള്‍ കാഴ്ച്ച വെക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം കഴിവ് തന്നെയുണ്ട്. ഭര്‍ത്താവിനോട് സ്‌കൈപ്പിലൂടെ കൊഞ്ചുന്ന ഒരു സ്ത്രീയെ എനിക്ക് പരിചയമുണ്ട്. അയാള്‍ വളരെ നന്നായി അത് ആസ്വദിക്കുന്നുമുണ്ട്. കാരണം അവന്റെ യൗവനത്തിലെ ഓര്‍മകള്‍ മടക്കി കൊണ്ടുവരികയാണത് ചെയ്യുന്നത്. പ്രത്യേകിച്ചും യുവത്വകാലത്ത് പെണ്‍കുട്ടികളുമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്നവര്‍ക്ക് വിവാഹത്തോടെ നഷ്ടമാകുന്ന ആ അന്തരീക്ഷം മടക്കി കൊണ്ടു വരികയാണത് ചെയ്യുന്നത്.
അഞ്ച്, ആദരവും പരിഗണനയും. പുരുഷ ലോകത്തിന്റെ അടിസ്ഥാനപരമായ ആവശ്യമാണ് ആദരവും പരിഗണനയും ലഭിക്കുക എന്നത്. താന്‍ സംസാരിക്കുമ്പോള്‍ അതിനിടയില്‍ കയറുന്നത് അവനിഷ്ടപ്പെടില്ല. ഒരു തീരുമാനമെടുത്താല്‍ മറ്റുള്ളവര്‍ അതിനെ മാനിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. തന്റെ നിര്‍ദേശത്തിന് പരിഗണന ലഭിക്കണമെന്നും അതിന്റെ പേരില്‍ മക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും അടുത്ത് താന്‍ പരിഹസിക്കപ്പെടുന്നതും തന്റെ പേരിന് കളങ്കം വരുന്നതും അവന്‍ ഇഷ്ടപ്പെടുന്നില്ല. വളരെ നിസ്സാരമായ സന്ദര്‍ഭങ്ങളില്‍ ഭാര്യ വേണ്ടത്ര ആദരവ് നല്‍കാത്തതിന്റെ പേരില്‍ എത്രയെത്ര വിവാഹമോചനങ്ങളാണ് നടക്കുന്നത്! ഈ അന്തരീക്ഷത്തില്‍ അല്‍പം ബുദ്ധി പ്രയോഗിക്കുകയാണെങ്കില്‍ സ്ത്രീക്ക് പുരുഷ ഹൃദയം നേടിയെടുക്കാന്‍ സാധിക്കും. അവളുദ്ദേശിക്കുന്നത് നേടിയെടുക്കാനും അതിലൂടെ അവള്‍ക്ക് സാധിക്കുന്നു.
ആറ്, അദ്ദേഹത്തിന്റെ ശക്തിയും തന്റെ ദൗര്‍ബല്യവും ബോധ്യപ്പെടുത്തുക. മക്കള്‍ ഉണ്ടായി കഴിയുമ്പോള്‍ മിക്ക സ്ത്രീകളുടെയും ശ്രദ്ധ പൂര്‍ണമായും അവരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഇത് ഭര്‍ത്താവില്‍ ഒറ്റപ്പെടലിന്റെയും തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നുമുള്ള തോന്നലുണ്ടാക്കുന്നു. ഇതിനെ മറികടന്ന് ഭര്‍ത്താവിന്റെ മനസ്സ് നേടാന്‍ ഏറ്റവും നല്ല മാര്‍ഗം തന്റെ ദൗര്‍ബല്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയെന്നതാണ്. ഭര്‍ത്താവിന്റെ സഹായം ആവശ്യമില്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ ആവശ്യം തനിക്കുണ്ടെന്ന തോന്നല്‍ അദ്ദേഹത്തിലുണ്ടാക്കാന്‍ സാധിക്കണം. ഞാന്‍ ശക്തനാണ് എന്ന തോന്നലുണ്ടാകുന്ന പുരുഷന്‍ അവളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ജീവിതകാര്യങ്ങളില്‍ സഹായിക്കുകയും ചെയ്യും. അതിലൂടെ അദ്ദേഹത്തിന് തന്റെ പുരുഷത്വം ആസ്വദിക്കാനാവുന്നതോടൊപ്പം പരസ്പര ബന്ധം ശക്തിപ്പെടുക കൂടി ചെയ്യും. ‘നിങ്ങളാണ് എന്റെ എല്ലാ ആശ്രയവു അവലംബവും’ എന്നര്‍ത്ഥമുള്ള വാക്കുകള്‍ അതിനായി ഉപയോഗിക്കാം. അത്തരം വാക്കുകള്‍ ജീവിതത്തില്‍ അവന്‍ മറക്കുയില്ലെന്ന് മാത്രമല്ല, അവളെ സേവിക്കാനുള്ള ത്വര എപ്പോഴും സജീവമായിരിക്കുകയും ചെയ്യും.