“ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന് ഭാഷ
അർത്ഥം അനര്ത്ഥമായ് കാണാതിരുന്നാല്
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്
അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം”
ദാമ്പത്യം പലപ്പോഴും ഏറ്റവും മനോഹരമായിത്തീരുന്നത് ശ്രീകുമാരൻ തമ്പി സാർ എഴുതിയത് പോലെ അത്രമേൽ പ്രണയാർദ്രമായ് പങ്കാളികൾ ദാമ്പത്യം തങ്ങളുടെ ഹൃദയം കൊണ്ടെഴുതുമ്പോഴാണ്.
ദാമ്പത്യം! അതു പലപ്പോഴും പടുത്തുയർത്തേണ്ടത് പരസ്പരമുള്ള വിശ്വാസത്തിൻ പുറത്താണ്. നുണകളുടെ ചീട്ടുകൊട്ടാരങ്ങളിൽ അടക്കി വെച്ച ബന്ധങ്ങൾ തകർന്നടിയാൻ അധിക സമയമൊന്നും വേണ്ടി വരില്ല. തൻ്റെ പങ്കാളിയോട് തമാശയായിട്ടെങ്കിലും കുഞ്ഞുകുഞ്ഞു നുണകൾ പറയുമ്പോൾ തകർന്നടിയുന്നത് പരസ്പരമുള്ള വിശ്വാസമാണ്. തൻ്റെ പങ്കാളി, തന്റെ ഫോണെടുക്കുമ്പോഴേക്കും ചങ്കിടിക്കുന്നവരാണോ നിങ്ങൾ? എന്താണ് പരസ്പരം മറച്ച് വെച്ചിട്ടുള്ളത്. അൺലോക്ക് ചെയ്ത ഒരു ഫോണിന് തകർക്കാനാവുന്നതാണോ നിങ്ങളുടെ ദാമ്പത്യം? ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും, നിങ്ങൾ നിങ്ങളുടെ പങ്കാളിയെ ചതിക്കുമ്പോൾ അവരും അതു തന്നെ തിരിച്ചു തരും. പരസ്പരം തുറന്നു സംസാരിക്കുക. പരസ്പരം വിശ്വസിച്ച് സങ്കടങ്ങളും സന്തോഷങ്ങളും പങ്കിടുമ്പോൾ മാത്രമാണ് ആ ബന്ധം അത്രമേൽ മഹത്തരമാവുന്നത്.
സന്തോഷങ്ങളും സങ്കടത്തിരയുമെല്ലാം പരസ്പരം പങ്കിടുന്നതിന് പ്രധാനമായും വേണ്ടത് മറയില്ലാതെ സംസാരിക്കാൻ കഴിയുകയെന്നതാണ്. ജീവിത തിരക്കുകൾക്കിടയിൽ സംസാരിക്കാൻ പോലും സമയം കിട്ടാത്ത, അല്ലെങ്കിൽ സമയം കണ്ടെത്താത്ത ഒത്തിരി പേരുണ്ട് നമ്മുടെ ചുറ്റിലും. ജോലി കഴിഞ്ഞ് വന്നാൽ ടി.വി.ഷോകളിലും മൊബൈൽ ഫോണിലും മുഖം പൂഴ്ത്തിയിരിക്കുന്നവർ. ലോകത്തുള്ള സകല കാര്യങ്ങളും അവർക്കറിയാമെങ്കിലും സ്വന്തം വീട്ടിലെ ഭാര്യയുടെ, ഭർത്താവിൻ്റെ തൻ്റെ കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ അറിയാതെ പോകുന്നവർ, അല്ലെങ്കിലത് കണ്ടില്ലെന്ന് നടിക്കുന്നവർ!
ഇനിയെങ്കിലും ഒരുമിച്ചുള്ള സമയം അത് ഇത്തിരിയെ ഉള്ളൂവെങ്കിലും മനോഹരമാക്കാൻ ശ്രദ്ധിക്കുക. തൻ്റെ പങ്കാളിയുടെ മനസ് കണ്ടറിയുക, നിങ്ങളുടെ ആനന്ദവും ആശങ്കയും അവരോടു കൂടി പങ്കുവെക്കൂ. അവർക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാവൂ. പതിയെയെങ്കിലും ജീവിതം ഒരു പൂ വിടരുന്നത് പോലെ മനോഹരമാവുന്നത് തൊട്ടറിയാം. എത്രമേൽ വലിയ ദു:ഖങ്ങളുടെ കടലാഴങ്ങളിലും മുങ്ങാതെ കൈകോർത്ത് പിടിച്ചു നിൽക്കാനാവും ഒരുമിച്ച് !! ഒരാൾക്ക് ഒരാൾ തണലായുണ്ടാവുകയെന്നത് എത്ര സുന്ദരമാണെന്നോ, ഞാനില്ലേ കൂടെയെന്ന് പറയാതെ പറഞ്ഞ് ഒരു കൈയ്യമർത്തലിലൂടെ ഓർമ്മിപ്പിച്ച് എല്ലാ വേവലാതികളെയും ആട്ടിപ്പായിച്ച് സന്തോഷത്തിരയിൽ ആറാടാൻ അവർക്കാവും, ഉറപ്പ്!
ഇനി ജീവിത തിരക്കുകൾക്കിടയിൽ അതിനൊന്നും സമയം കിട്ടുന്നില്ലെന്നേയ് എന്ന് പരാതി പറയുന്നവരോട്, ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സമയമെങ്കിലും കണ്ടെത്തുക, നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുമായി സംസാരിക്കാനുണ്ടെന്ന് പറയുമ്പോൾ മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് സമയം കണ്ടെത്തുക. എന്നും ഉറങ്ങുന്നതിനു മുൻപ് അന്നന്നത്തെ കാര്യങ്ങൾ ചർച്ച ചെയ്യുക. നാടൻ ഭാഷയിൽ തലയണമന്ത്രമെന്നൊക്കെ പറയും. അതൊന്നും നമ്മൾ കാര്യമാക്കണ്ടെന്നേയ്! അതൊരു ശീലമാക്കിയാൽ നിങ്ങൾക്കതിൽ നിന്നും അടർന്നു മാറാൻ സാധിക്കാത്തത്രയും ജീവിതത്തിൻ്റെ ഭാഗമായി മാറീടും. പ്രണയാർദ്രമായി ചേർന്നിരിക്കുമ്പോൾ, പ്രതീക്ഷിക്കാതെ നൽകുന്ന ഒരു ചുംബനത്തിൽ, ഒരു ചേർത്തു പിടിക്കലിൽ ഇണയുടെ ഹൃദയം തരളിതമാവുന്നത് കാണാം.
ഭാര്യയും ഭർത്താവും വ്യത്യസ്ത ചിന്താഗതികളുള്ള, തീർത്തും വിഭിന്ന സാഹചര്യങ്ങളിൽ വളർന്നു വലുതായവരാണ്. അവർ രണ്ടു പേരും ഒന്നല്ല. രണ്ടു വ്യക്തികളാണ്. അവരുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ പരസ്പരം അഭിപ്രായങ്ങൾ ആരായുക. എതിരഭിപ്രായമുണ്ടെങ്കിൽ തന്നെ, അതിന് പിന്നിലെ കാരണം, അവരുടെ ന്യായങ്ങൾ എന്നിവ ക്ഷമയോടെ കേൾക്കുക. നിങ്ങൾക്ക് അംഗീകരിക്കാനാവാത്ത ന്യായങ്ങളാണെങ്കിൽ പോലും കേൾക്കാനുള്ള സൗമനസ്യം കാണിക്കുക, ഈഗോ മാറ്റി വെച്ച് പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കുക.
സാമ്പത്തിക കാര്യങ്ങളിൽ, രണ്ടു പേർക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. പങ്കാളിയുടെ വരുമാനമെത്രയെന്നു പോലും അറിയാത്ത കുടുംബങ്ങളുള്ള നാടാണ് നമ്മുടേത്. എന്തിനാണീ ദുരഭിമാനം! എന്നിട്ട് എൻ്റെ കഷ്ടപ്പാടുകൾ അവർ അറിയുന്നില്ലെന്ന പങ്കപ്പാടും. വരവറിഞ്ഞ് ചിലവഴിക്കണമെങ്കിൽ വരവ് എത്രയെന്ന് കൃത്യമായി അറിയണം. അങ്ങനെ അറിഞ്ഞാൽ പിന്നെ ഭർത്താവറിയാതെ രഹസ്യമായി തുണിത്തരങ്ങളും ആഭരണങ്ങളും സൗന്ദര്യ വർധക സാമഗ്രികളും ഓർഡർ ചെയ്ത് കള്ളിയെ പോലെ നിൽക്കേണ്ടി വരില്ല. ഭാര്യയറിയാതെ ഇലക്ട്രോണിക് ഗാഡ്ജറ്റ്സ് ഓർഡർ ചെയ്യേണ്ടി വരില്ല. കുടുംബ ബജറ്റിൻ്റെ താളം വീണ്ടെടുക്കാൻ നാളേക്ക് വേണ്ടി എന്തെങ്കിലും കരുതിവെക്കാൻ അവർക്കാവും. കുട്ടികളേയും സാമ്പത്തിക ചുമതലകളും, തങ്ങളുടെ വരുമാന പരിമിതികളും അറിയിച്ച് തന്നെ വേണം വളർത്തി കൊണ്ടുവരാൻ. മാതാപിതാക്കളുടെ അധ്വാനത്തിൻ്റെ വില അവരുമറിയട്ടെ!
നിങ്ങളുടെ ഇണയുടെ കണ്ണൊന്ന് നിറഞ്ഞാൽ എന്തിനെന്ന് മനസ്സിലാക്കാനാവുന്നവരാവണം, ഇനി അറിയാത്തവരാണെങ്കിൽ കൂടി ചേർത്തു നിർത്തി അവരുടെ മിഴിനീർ കണങ്ങൾ തുടച്ച് നിങ്ങൾക്ക് ഞാനില്ലേന്ന് സാന്ത്വനിപ്പിക്കാനാവണം. ജീവിതത്തിൻ്റെ പ്രതിസന്ധികളിൽ തനിച്ചല്ലെന്ന് ഓർമ്മിപ്പിക്കുന്ന, ഈ സങ്കടത്തിരയൊക്കെ നമുക്കൊരുമിച്ച് മറികടക്കാനാവുമെന്ന് ഒരു ചിരിയോടെ ഓർമ്മിപ്പിക്കുന്ന ഒരു കൂട്ട് ഈ ഭൂമിയിലുണ്ടെങ്കിൽ അതിൽപ്പരമെന്ത് വേണം വേറെ? മക്കളെല്ലാം ചിറകു വിടർത്തി പറന്നു പോകുമ്പോൾ തനിക്ക് തൻ്റെ പങ്കാളിയേ കൂടേക്കാണൂവെന്ന സത്യം എന്നുമോർക്കുക. അവരെ ചേർത്തു പിടിക്കുക.
പങ്കാളികളും മക്കളും മാതാപിതാക്കളും കൂടപ്പിറപ്പുകളും സുഹൃത്തുക്കളുമൊക്കെയടങ്ങുന്ന കുടുംബം തന്നെയാവണം ജീവിതത്തിലെ ഏറ്റവും വലിയ ലഹരി. അതിലപ്പുറം മറ്റൊരു ലഹരിക്കും തങ്ങളെ കീഴ്പ്പെടുത്താനാവരുത്. മറ്റു ലഹരികൾക്ക് അടിമപ്പെടുമ്പോൾ, കുടുംബം കൈവെള്ളയിൽ നിന്നൂർന്നു പോവുമെന്ന സത്യം ഓർക്കുക. സാമ്പത്തികമായും ശാരീരികമായും മാനസീകമായും നഷ്ടങ്ങൾ മാത്രമാവും ബാക്കിയാവുക, നൈമിഷിക സുഖങ്ങൾക്കപ്പുറം കുടുംബമെന്ന കെട്ടുറപ്പും, മാനാഭിമാനവും കപ്പലുകയറുമെന്ന സത്യവും ഓർമ്മയുണ്ടാവണം. അള്ളാഹുവിൻ്റെ കോടതിയിൽ തെറ്റുകാരനായി നിൽക്കേണ്ടി വരുന്നതോടൊപ്പം ഭൂമിയിലെ നരകവും നിങ്ങൾക്ക് സ്വന്തമാവും!
രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടിലെ പണികൾ തീർത്ത്, ചാടി പിടഞ്ഞ് ജോലി സ്ഥത്തേക്ക് ഓടുന്ന അമ്മമാരുടെ നാടാണ് നമ്മുടേത്. ഇതൊക്കെ മാറ്റാൻ സമയമായി. പുതുതലമുറ ഒരു പാട് പ്രതീക്ഷകൾ നൽകുന്നു. വീട്ടുജോലികൾ പങ്കിട്ടെടുക്കാനാവണം. അമ്മയാണ് പോരാളി എന്ന ക്ലീഷേ ഡയലോഗുകളൊക്കെ മാറ്റിവെച്ച് ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കാം നമുക്ക്. ഭക്ഷണമുണ്ടാക്കലും, വീടൊരുക്കലും വൃത്തിയാക്കലും തുടങ്ങി എല്ലാം ഒരുമിച്ചു ചെയ്യാം. ഒരുമിച്ച് വിശ്രമിക്കാം. എൻ്റെ ഭാര്യയെ ഞാൻ സഹായിക്കാറുണ്ടെന്ന് അഭിമാനത്തോടെ വീമ്പിളക്കുന്ന ഭർത്താക്കന്മാരെയല്ല നമുക്ക് വേണ്ടത്. ഞങ്ങളൊരുമിച്ചാണ് എല്ലാം ചെയ്യുന്നത്, അതെൻ്റെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയുന്ന കുടുംബാംഗങ്ങളെയാണ് – അത്തരമൊരു സാഹചര്യത്തിൽ വളരുന്ന മക്കളും ഭാവിയിൽ തങ്ങളുടെ കുടുംബ ജീവിതം മനോഹരമാക്കും ഉറപ്പ്!!
പോൺ സൈറ്റുകൾക്കും കുടുംബേതര ബന്ധങ്ങൾക്കും പ്രാമുഖ്യം കൊടുക്കുന്നവർ ഓർക്കുക. നൈമിഷിക സുഖങ്ങൾക്കപ്പുറത്ത് നിങ്ങൾ തകർക്കുന്നത് നിങ്ങളുടെ തന്നെ സ്വാസ്ഥ്യമാണ്. നിങ്ങളുടെ കുരുന്നുകളുടെ ഭാവിയാണ്. ഭാര്യാഭർത്താക്കന്മാർ വഴക്കിടുന്ന വീടകങ്ങളിൽ വളരുന്ന കുഞ്ഞുങ്ങളിലെ അരക്ഷിതത്വബോധം, അവർക്ക് നഷ്ടമാവുന്ന സ്നേഹത്തണൽ ഇതിനെല്ലാം ഭാവിയിൽ വലിയ വില നൽകേണ്ടി വരും! വലിയ വില!!
ഓർക്കുക, കൂടുമ്പോൾ ഇമ്പമുള്ളതാവട്ടെ ഓരോ കുടുംബവും. ഒരു കുഞ്ഞ് അക്ഷര തെറ്റ് പോലും വരാതെ കാക്കാം നമുക്ക് നമ്മുടെ ദാമ്പത്യം !! അടിമയും ഉടമയുമാവുമ്പോഴല്ല മറിച്ച്, പരസ്പര പൂരകങ്ങളാവുമ്പോഴാണ് ഓരോ ദാമ്പത്യവും സാർത്ഥകമാവുന്നത്. കക്കാടിൻ്റെ കവിതയിലെ വരികൾ കടമെടുക്കട്ടെ ഞാൻ,
” അന്യോന്യം ഊന്നു വടികളായ് നിൽക്കാം ഹാ! സഫലമീ യാത്ര.”
അമൽ ഫെർമിസ്