എല്ലായിടത്തും നമ്മുടെ കൈയ്യെത്തണമെന്ന് കൊതിക്കുന്ന ഒത്തിരി പേരുണ്ട്. ഞാൻ ചെയ്താലേ അത് ശരിയാവൂയെന്ന് വീമ്പിളക്കുന്നവർ, കുട്ടികളത് ചെയ്താൽ ശരിയാവില്ലെന്ന് പറഞ്ഞ് അവരെ മാറ്റി നിർത്തി കൊക്കൂണിന്നകത്താക്കി സംരക്ഷിക്കുന്നവർ. ജോലികളൊന്നും വീതം വെച്ച് കൊടുക്കാത്തവർ. തൻ്റെ ഭർത്താവ് തന്നെ സഹായിച്ചാൽ, ആൺകുട്ടികൾ അടുക്കളപ്പണി ചെയ്താൽ സമൂഹമെന്ത് കരുതുമെന്ന് വേവലാതിപ്പെടുന്നവർ. ഞങ്ങൾ ചെയ്താലത് നീ ചെയ്യുന്നത്ര ഭംഗിയാവില്ലെന്ന് പറഞ്ഞ് അവളെ സുഖിപ്പിക്കുന്ന ചില കൂട്ടാളികളും!
അമ്മ പോരാളിയെന്ന് പറയുമ്പോൾ രോമാഞ്ചം കൊള്ളുന്നവരൊന്നും, നമ്മുടെ ശരീരം എപ്പോഴെങ്കിലും പണിമുടക്കുമ്പോൾ, കാര്യങ്ങൾ നേരാംവണ്ണം അല്ലെങ്കിൽ അവരുദ്ദേശിച്ചതു പോലെ നടക്കാതിരിക്കുമ്പോൾ അരുമയോടെ ചേർത്ത് പിടിക്കാനുണ്ടാവില്ല. അപ്പോൾ സങ്കടപ്പെടുന്നതിനേക്കാൾ നല്ലത് ആദ്യം നമ്മൾ നമ്മളെ സ്നേഹിച്ച് തുടങ്ങുന്നതാണ്. നമ്മൾ സന്തോഷിക്കുമ്പോഴേ ചുറ്റുമുള്ളവരിലേക്കും ആ സന്തോഷത്തിൻ്റെ പ്രഭ ചൊരിയാൻ നമുക്കാവൂ.
അത് കൊണ്ടു തന്നെ തോന്നുമ്പോൾ വീടെന്ന നമ്മുടെ യുദ്ധഭൂമിയിൽ നിന്നും പുറത്തിറങ്ങുക. കൊതിയോടെ കാത്തിരുന്ന നൂറായിരം കാഴ്ചകൾ കണ്ണു തുറന്ന് കാണുക, മഴ നനയുക, പുസ്തകങ്ങൾ വായിക്കുക, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക. പ്രിയപ്പെട്ടവരെ ചേർത്ത് പിടിച്ച്, മതിയാവോളം സംസാരിച്ച് മനസ്സ് നിറഞ്ഞ് ചിരിക്കുക. ആത്മാർത്ഥ സൗഹൃദങ്ങളെ കൂട്ടിപ്പിടിക്കാൻ സമയം കണ്ടെത്തുക. പ്രകൃതിയെ അറിയുക, മണ്ണിൻ്റെ മണവും താളവും ഹൃദയത്തിലേറ്റുക. വീടിനെ എപ്പോഴും സന്തോഷത്തോടെ ചെന്ന് കേറാവുന്ന സ്നേഹക്കൂടാക്കാം നമുക്ക്. യാന്ത്രിക ദിനസരികളിൽ നിന്നും പുറത്ത് കടന്ന് ഇടക്കെങ്കിലും മതിവരോളം ഉറങ്ങി, ഇഷ്ടമുള്ള വേഷം ധരിച്ച്, തനിക്ക് സന്തോഷമുള്ള കാര്യങ്ങൾ ചെയ്ത്, അവനവൻ്റെ ശരീരം ശ്രദ്ധിച്ച് വ്യായാമം ചെയ്ത് നമുക്ക് നമ്മളെയങ്ങ് സ്നേഹിച്ച് തുടങ്ങാന്നേ. നമ്മളോളം നമ്മളെ സ്നേഹിക്കാൻ മറ്റാർക്ക് സാധിക്കും!
നമ്മൾ പൊന്നുപോലെ സംരക്ഷിച്ച, നമ്മുടെ ഭാഗമെന്ന് കരുതി മാറോടടക്കിപ്പിടിച്ച കുട്ടികൾ പറക്കമുറ്റിയാൽ പറന്നകലും, അതാണ് ലോക നിയമം. പ്രാണനിൽ പാതിയെന്ന് കരുതുന്ന പങ്കാളി പോലും എന്നും കൂടെയുണ്ടാവണമെന്നില്ല. നമ്മളില്ലെങ്കിൽ നടക്കില്ലെന്ന് നമ്മൾ അഹങ്കരിച്ച ജോലികളൊന്നും നമ്മളെ പ്രതി മാറ്റിവെക്കേണ്ടി വരികയില്ലെന്ന യാഥാർത്ഥ്യം ഒരുനാൾ നമ്മൾ തിരിച്ചറിയും. ചെയ്യുന്ന ജോലികളിൽ നൂറിൽ നൂറ് മാർക്കും കിട്ടില്ലായിരിക്കും, സമൂഹം നമ്മളെ പോരാളിയെന്ന് വിളിക്കില്ലായിരിക്കും, വീടൊരു മ്യൂസിയം പോലെ അണിയിച്ചൊരുക്കി വെക്കാനാവില്ലായിരിക്കും, പക്ഷേ നമ്മൾ നമ്മളായിരിക്കണം! അവനവന് സന്തോഷമുള്ള കാര്യങ്ങൾ ചെയ്ത് നമ്മളുടെ മാനസീകാരോഗ്യം കാത്തു സംരക്ഷിക്കണം.
നമ്മളെ നമ്മളായി കണ്ട് സ്നേഹിക്കുന്നവരെ നിറഞ്ഞ മനസ്സോടെ ചേർത്തു പിടിക്കുക. കന്മഷമില്ലാതെ സ്നേഹിക്കുക. സമൂഹത്തിന് വേണ്ടി തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യുക. ഈ ജീവിതയാത്ര നരകതുല്യമാക്കാനും ദുരിതമാക്കാനും നമ്മുടെ മനസ്സിനെ അനുവദിക്കരുത്. ഓരോ നിമിഷത്തിലും കൊച്ചു കൊച്ചു സന്തോഷങ്ങൾ കണ്ടെത്തുക. ആസ്വദിക്കുക.
തൻ്റെ സഹജീവികളോട് കരുണയോടെ പെരുമാറുക. ജീവിതം ഏറ്റവും ദുസ്സഹവും കാഠിന്യമേറിയതുമായ നാളുകളിലാണ് നാം. പ്രതിഫലമൊന്നും കാംക്ഷിക്കാതെ, മറ്റുള്ളവരിലേക്ക് നന്മയും ശുഭപ്രതീക്ഷയും പ്രസരിപ്പിക്കുക. സന്തോഷവും സമാധാനവും പകരുന്നതാവണം നമ്മുടെ പെരുമാറ്റം. നമ്മൾ സഹജീവികളോട് ഇടപഴകുമ്പോൾ അവരുടെ മനസ്സിൽ സന്തോഷത്തിൻ്റെ പൂത്തിരികൾ കൊളുത്താനായാൽ അതിനോളം വലിയ നന്മയില്ല തന്നെ. തീർച്ചയായും ഏതു സങ്കടങ്ങൾക്കിടയിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള കഴിവ് അള്ളാഹു നമുക്ക് തന്നിട്ടുണ്ടെങ്കിൽ അള്ളാഹുവിനു വേണ്ടി തൻ്റെ ചുറ്റുമുള്ളവരെ ഹലാലായ മാർഗ്ഗങ്ങളിലൂടെ സന്തോഷിപ്പിക്കൂ. ഈ ക്ഷണിക ജീവിതത്തിൽ ആർദ്രതയുടെ, സ്നേഹത്തിൻ്റെ കയ്യൊപ്പ് അവശേഷിപ്പിക്കാനായാൽ സാർത്ഥകമീ ജന്മം. ഉപകാരം ചെയ്യാനായില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാം ആരേയും!!
അമൽ ഫെർമിസ്